Saturday, November 8, 2008

കവിത കണ്ണാടികളുടയ്ക്കുമ്പോള്‍






വി . ജയദേവ്
(jayadev.nayanar@gmail.com)



എഴുത്തിന്‍റെ സോഫ്റ്റ്വെയര്‍ -1


കവിത പോലെ തെറ്റിദ്ധരിക്കപ്പെട്ട (തെറ്റിദ്ധരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന) എഴുത്തുരൂപം മറ്റൊന്നില്ല. ഇതു തന്നെയാണ് കവിതയുടെ വിജയവും. കവിത കാലത്തിനനുസരിച്ചു രാഷട്രീയമായി പരിണമിക്കുന്നു എന്നിടത്താണ് കവതയുടെ തലയിലെഴുത്ത് നിര്‍ണയിക്കപ്പെടുന്നതും. കവിത കനകച്ചിലങ്കകിലുക്കി കിലുക്കി വരുന്ന കാലം കഴിഞ്ഞു. കവിത കവിത മനസ്സിനെ ഇക്കിളിയിട്ടിരുന്ന കാലവും അസ്തമിച്ചു. കവിതയുടെ ഡി എന്‍ എയില്‍ ജനിതക പരിഷ്ക്കാരങ്ങള്‍ ഓരോകാലത്തും നടക്കുന്നു. ഈമ്യൂട്ടേഷനാണ് കവിതയിലെ വൃത്തത്തേയും താളബോധത്തേയും തള്ളിപ്പറഞ്ഞത്. കവിത ഇന്നു കേകയൂം ശ്ലഥകാകളിയുമല്ല. എന്നാല്‍ എന്തും കുത്തിനിറക്കാവുന്ന കീറച്ചാക്കുമല്ല. വര്‍ത്തമാനത്തെ നിരന്തരം പോസ്റ്റുമോര്‍ട്ടം ചെയ്തു കാഴ്ചയുടെ കണ്ണാടി കളുടയ്ക്കുകയാണ് ഇന്നത്തെ കവിത. മനസ്സിനെ രമിപ്പിക്കുന്ന പഴയ ജോലി കവിത സ്വയം രാജിവച്ചൊഴിഞ്ഞിരിക്കുന്നു. വേട്ടയാടപ്പെടുന്ന ആശങ്കകളാണ് കവിതയുടെ ഒപ്പുകടലാസില്‍ .അന്നന്നത്തെ ചരിത്രരചനയുടെ ബാധ്യത ഏറ്റെടുക്കുകയാണ് ഓരോ പുതിയ കവിതയും. മാനത്തെ ചന്ദ്രികയൂം പ്രണയ നൊമ്പരങ്ങളും മറ്റ് എഴുത്തുപ്രമേയങ്ങളും കവിതയില്‍ വന്നാലെ കവിതയാവൂ എന്നതരത്തില്‍ ചില ശുദ്ധകവിതാ വാദികള്‍ ഇന്നും ചട്ടങ്ങളും നിയമങ്ങളും പുനര്‍വ്യാഖ്യാനിച്ചുരംഗത്തുണ്ടെങ്കിലും പുതിയ കവിത അതൊക്കെയും തിരാകരിക്കുന്നു. സ്വന്തം ഡയറിക്കുറിപ്പു പോലെയോ കുളിമുറിപ്പാട്ടുപോലെ അവനവനെ/ അവളവളെ അടയാളപ്പെടുത്തുകയാണ് അത്. അതിനെ തീര്‍ത്തും വ്യക്തിഗതമാക്കി ഉത്തരാധുനിക കാലത്തെ പല പുതിയ കവികളും കേവലം ആത്മനിഷ്ടാവാദികളായി മാറുന്നുണ്ടെങ്കിലും . എന്നാല്‍ ചിലര്‍ക്കെങ്കിലൂം തന്നെപ്പറ്റി എഴുതുമ്പോഴും തന്നെത്തന്നെ പരിഹസിക്കുമ്പോഴും സ്വന്തം തൊലിപ്പുറത്തുള്ള വര്‍ത്തമാന കാലത്തെ അടയാളപ്പെടിത്താതിരിക്കാന്‍ ആവുന്നില്ല. തന്‍റെയൊപ്പം വന്നിട്ടുള്ള ഒരുപാട് അനുഭവങ്ങളുടെ ഓര്‍മയെ കുറിച്ചിടാതെയിരിക്കാനാവുന്നില്ല. കവിതയുടെ ഈ ചരിത്രരചനാബാധ്യതയാണ് ഇത്തരം ചുരുക്കം ചിലരുടെ എഴുത്തുപരതയെ സ്വാധീനിക്കുന്നതും. അതുകൊണ്ടുതന്നെ ഒന്നും എഴുതാതിരിക്കാനാവുന്നില്ല. അങ്ങുമിങ്ങും തൊടാതെ കുറേ വാചകങ്ങള്‍ മുറിച്ചെഴുതി കവിതയെന്നപേരില്‍ പടച്ചുവിടാന്‍ ഇവര്‍ക്കു താല്‍പര്യമില്ല. അങ്ങനെ എഴുത്തിനെ സ്വന്തം അസ്തിത്വത്തിന്‍റെ ചരിത്രമാക്കിമാറ്റുന്ന രാസപ്രക്രിയയുടെ മര്‍മം തൊട്ടറിഞ്ഞപുതിയ എഴുത്തുകാരില്‍ ഏറെ പ്രതീക്ഷതരുന്നു ഒ. പി. സുരേഷും അദ്ധേഹത്തിന്‍റെ "പലകാലങ്ങളില്‍ ഒരുപൂവ് " എന്ന കവിതാ സമാഹാരവും.


സമാഹാരത്തിന്‍റെ പേരില്‍ തന്നെയുണ്ട് സ്വന്തം മാനിഫെസ്റ്റോപ്രഖ്യാപനം . ഒരു പൂവിനെ പലകാലങ്ങളില്‍ അപഗ്രഥിക്കാനുള്ള ശ്രമമാണ് താന്‍ നടത്തുന്നതെന്ന ഈ ചുണ്ടുപലകയിലെ വഴിയിലൂടെ വേണം സമാഹാരത്തിലെ കവിതകളെ സമീപിക്കാന്‍ . മുദ്രാവാക്യം മുഴക്കാത്ത ഒരു പകല്‍ പോലുമില്ലാത്ത, കവിതയെഴുതാത്ത ഒരുരാത്രിപോലുമില്ലാത്ത യവ്വനമാണ് സുരേഷിന്‍റെ കവിതകളെ രാഷ്ട്രീയമായി ചെത്തിമിനുക്കുന്നതും. ഉത്തരാധുനികകാലകവികളെന്ന് സ്വയം വിശേഷിപ്പിക്കുന്നപലരിലും കാണാത്ത ചരിത്രമെഴുത്തിന്‍റെ ഈ രാഷ്ട്രീയംതന്നെയാണ് കവിതകളെ വ്യത്യസ്തമാക്കുന്നത്. ഇതു വൈയക്തികദു:ഖങ്ങളുടെ, നഷടപ്രണയങ്ങളുടെ വിലാപങ്ങള്‍ മാത്രമാകാത്തതും അതുകൊണ്ടാണ്. തന്നെതന്നെ വര്‍ത്തമാനകാലത്തില്‍ നിര്‍ത്തി, തന്നെതന്നെ പരിഹസിച്ചും വിമര്‍ശിച്ചും കവിതകള്‍ എഴുതിച്ചെര്‍ക്കുന്നത് ഓരോ നിമിഷത്തേയും ചരിത്രമാണ്. ഒരുമഞ്ഞുതുള്ളിയില്‍ വിശ്വംമുഴുവന്‍ പ്രതിഫലിക്കുന്നു എന്നു കാല്‍പനികര്‍പറയാന്‍ശ്രമിച്ചതുപോലെ. അനുസ്യൂതം ഒഴുകുന്നകാലത്തിന്‍റെ അനലോഗ് രീതിയെ അക്ഷരങ്ങള്‍ക്കൊണ്ടുമുറിച്ചു ഡിജിറ്റല്‍ ചരിത്രരചനയാണ് സുരേഷ് ഉദ്ദേശിക്കുന്നതും. ഒരുസെക്കന്‍ഡില്‍ ഒരു മുഴുവന്‍കാലത്തെ തന്നെ പ്രതിഫലിപ്പിക്കാനുള്ളശ്രമം . ആശ്രമത്തില്‍ ഏറെ ക്കുറെ വിജയിക്കുന്നുമുണ്ട് കവി.


ചരിത്രവും വര്‍ത്തമാനവും അക്കത്തിന്‍റെ കടുകിട കൃത്യതയില്‍ നൈരന്തര്യം പുലര്‍ത്തുമ്പോള്‍കണക്കുകളില്‍ ഒതുങ്ങാത്ത മനുഷ്യജീവിതത്തെ കുറിച്ചുകവിതയുടെ ഭാഷയില്‍, കവിയുടെ ഭാഷയില്‍ മാത്രം കവി ഓര്‍മിപ്പിക്കുന്നുണ്ട്. ഒറ്റവായനയില്‍ അഴിഞ്ഞുമാറില്ല ഈസാഖ്യാസുത്രം. ഒരുപാടുചരിത്രത്തിലേയ്ക്കും കവി സൂചനകള്‍ നല്‍കുന്നു. 1498, 1947, 1975.......എന്നിവവെറും അക്കങ്ങളോ വര്‍ഷങ്ങളോമാത്രമാകുന്നില്ല.വിദേശകോളനിവല്‍ക്കരണത്തിലേയ്ക്കു ശക്തിയായി ഓര്‍മ പായിക്കുന്ന 1498 ഉം അടിയന്തിരാവസ്ഥയുടെ 1975 ഉം ശക്തമായ രാഷ്ട്രീയസൂചനകള്‍ തന്നെയാണ്. ഇങ്ങനെ കണക്കിന്‍റെ കൃത്യതയില്‍ ചരിത്രവും വര്‍ത്തമാനവും പുനര്‍ജനിക്കുമ്പോള്‍ കണിശതയുടെ പൂര്‍വബാധ്യതയില്ലാത്തത് സാധാരണ ജന്‍‌മങ്ങള്‍ മാത്രമാണെന്നു കവി ചൂണ്ടിക്കാട്ടുന്നു.


അക്കപൂജയില്‍ ജയിച്ച്
അക്കവടിവിലലിഞ്ഞ്
നിശൂന്യമായ
ജീവിതസ്ഥലികളില്‍
പക്ഷികളും പാറ്റകളും മാത്രം.

(അക്കപൂജ)


പുതിയശീലങ്ങള്‍ക്കിടയിലും ഒന്നിനും അതിന്‍റെ ജീവശാസ്ത്രപരമായ പ്രത്യേകാനുകൂലനങ്ങള്‍ കുടഞ്ഞുമാറ്റാനാവില്ല. കുളിച്ചുകുളിച്ചു കൊക്കായ കാക്കയ്ക്കും. നനഞ്ഞകയ്യടികള്‍ക്കൊപ്പം മരണബാധിതരുടെ വിഷപ്പു കാണാതിരിക്കാനാവില്ല. വിട്ടുപോന്നപഴയ താവളങ്ങളില്‍ നിന്ന് ഒളിച്ചോടാം. ഓര്‍മയെന്ന പകര്‍ച്ചവ്യാധിയെഭയന്ന്. എങ്കിലും ജീവന്‍റെ ചരിത്രപരമായ ബാധ്യതയെ മായ്ച്ചുകളയാനാവില്ല. ഈ ചരിത്ര പരമായ പില്‍ക്കാല ബാധ്യത കവി മാത്രമല്ല, രാഷ്ട്രീയമായി നിലപാടെടുക്കുന്ന ആരെയും വേട്ടയാടിക്കോണ്ടേയിരിക്കും. ഈ വലിയൊരു ഓര്‍മപ്പെടുത്തലാണ് കവി നടത്തുന്നത്. അതിനെ സ്വയം ഓര്‍ക്കുകയും .

അടഞ്ഞ കണ്ണുകള്‍ക്കപ്പുറം
അറിഞ്ഞതേയില്ല,
നിറഞ്ഞതോക്കിന്‍റെ ഉന്നം
ധ്യാനമുണര്‍ന്നെണീറ്റത്.
തെറിച്ചു, വെടിച്ചില്ലുപോലെ
രണ്ടുണ്മകള്‍, പുറത്തേക്ക്:
കാ, കാ......................



ഇതേ ബോധദര്‍ശനത്തോടെയാണ് കേരളത്തെ നോക്കാനുള്ള ശ്രമവും . ഡെങ്കിപ്പനി പരത്തുന്ന ഒരു കൊതുകിനെപ്പോലും അടിച്ചുകൊല്ലാനാവാത്ത ഒരു കവി കേരളത്തെ എന്തിനു നോക്കുന്നു എന്നു തോന്നാം . പക്ഷെ കവിക്ക് ഇതൊന്നും നോക്കാതിരിക്കാനാവില്ല. ഔദാര്യങ്ങളുടെ ആനപ്പുറത്തു തിടമ്പേറുന്ന പൊങ്ങച്ചങ്ങളുടെ ഇടയില്‍ ലജ്ജിപ്പിക്കുന്ന ചരിത്രത്തില്‍ കവിയും പങ്കാളിയല്ലാതാവുന്നില്ല എന്നതുകൊണ്ടാണത്. കെയ്നേഷ്യന്‍സാമ്പത്തികശാസ്ത്രത്തെവെല്ലുവിളിച്ചകേരളത്തിന്‍റെ പുരോഗതിയെക്കുറിച്ചുഭൂതകാലവും വര്‍ത്തമാനകാലവും വാചാലമാകുമ്പോള്‍വിശേഷിച്ചും. ആകെ മൊത്തം കണക്കെടുക്കുമ്പോള്‍ എന്താണ് ബാക്കിപത്രം. ഇവിടെ സത്യം പറയാതിരിക്കാനും കവിക്കു കഴിയുന്നില്ല. ചരിത്രരചനമിക്കപ്പോഴും സന്തോഷകരമായ കാര്യമല്ല. നാലാം തരെ വരെ പടിച്ച ഗവ. മാപ്പിളസ്കൂള്‍ഷോപ്പിങ് കോപ്ലക്സും നാലക്ഷരം പടിപ്പിച്ച മാഷന്മാരൊക്കെ ഇന്‍ഷൂറന്‍സ് ഏജന്‍റുമാരും രാധയുടെ അടക്കം പറച്ചിലുകള്‍ക്കു ചെവികൂര്‍പ്പിച്ചിരുന്ന കുണ്ടനിടവഴികള്‍ എക്സ്പ്രസ് ഹൈവേകളും ആയി മാറുമ്പോള്‍ പ്രത്യേകിച്ചും . ഇല്ല, ഈ കവിക്കു സൗകര്യമില്ല, ആമ്പല്‍പ്പൂവുകളെ ക്കുറിച്ചും ശംഖൂപുഷ്പത്തെക്കുറിച്ചുമുള്ള കപട ഗൃഹാധുരതയെ ചരിത്രപരമായി രേഖപ്പെടുത്താന്‍.


ആകയാല്‍, മലയാളമേ
നീ, കാലഹരണപ്പെട്ടൊരു
കാവ്യബിംബം.
വിനിമയങ്ങളെല്ലാം
വിഴുപ്പലക്കലുകള്‍.


(കേരളം വളരുന്നു)


ഇനി പറയൂ,

സ്വന്തം നാട്
എന്ന അഹങ്കാരത്തോടെ
ഞാനങ്ങനെ
അടുത്ത അവധിക്ക്
കരിപ്പൂരില്‍
വിമാനമിറങ്ങും?

(തുറന്നവഴികള്‍)




എത്രദൂരങ്ങള്‍ നടന്നാലും തുടങ്ങിയേടത്തുതന്നെയെത്തുന്ന വര്‍ത്തമാനകാലത്തിലാണ് നാമെല്ലാവരും. നാള്‍ചരിതങ്ങള്‍ എന്തൊക്കെ വിരിച്ചുനിവര്‍ത്തിയിട്ടാലും ചരിത്രം പഴയതുതന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു . യുദ്ധങ്ങളും കലാപങ്ങളും കുടിയൊയിപ്പിക്കലും വര്‍ത്തമാനകാലത്തില്‍‍ ഓരോ പുതിയ നിര്‍വചനങ്ങള്‍ അവതരിപ്പിക്കുമ്പോഴും തുടങ്ങിയ ഇടങ്ങളിലേക്കു തന്നെയാണ് നാം മടങ്ങിയെത്തുന്നതും. മനസിളക്കിയെടുക്കുന്നനിശ്ശബ്ദനിരാശകളുണ്ടെങ്കിലും ഇവിടെ കുറ്റ ബൊധത്തിന്‍റെയൊ സ്വയം ഹത്യയുടെയോദര്‍ശ്ശനങ്ങളല്ല കവി ഇവിടെ വരച്ചു കാട്ടുന്നത്. നാളെയും നടന്നേതീരൂ. അതും മനുഷ്യരുടെ വിയര്‍പ്പില്‍ മുളച്ച പ്രഭാതവഴികളിലൂടെ . കവി കാലഘട്ടത്തിന്‍റെ പുതിയ ചരിത്രരചനയ്ക്കായ്കാത്തുവെയ്ക്കുന്നത് നാളെയും നടക്കാനുണ്ടെന്ന ഈ തിരിച്ചറിവു തന്നെയാണ്. യോദ്ധാക്കളെയും ബലിയാടുകളേയും സ്വപ്നം കാണാനുണ്ടെന്നു സ്വയം ഓര്‍മിപ്പിക്കുകയും.


എത്ര വേണ്ടെന്നു വെച്ചാലും
നാളുയും എനിക്കു നടന്നേ തീരൂ.
മനുഷ്യരുടെ വിയര്‍പ്പില്‍ മുളച്ച
ഈ പ്രഭാതവഴികളിലൂടെ.

(നടത്തം)

കൂടെ പ്പിറന്നവന്‍റെ ചോര ചവിട്ടിയാലും
കാലിടറാതെ ജാഥ നയിക്കണം.
യോദ്ധാക്കളെയൂം ബലിയാടുകളേയും
സ്വപ്നം കാണണം.
ഒടുവില്‍, കൊടിപിടിക്കാന്‍ വന്ന
അടിയാത്തിപ്പെണ്ണിന്‍റെ മാനം കവര്‍ന്ന നേതാവിനെ
പുലിയാടിമകനെന്നു വിളിക്കണം.

(കുട്ടികളാവാതെ വളരരുത്)


ഇതിനിടയിലും വര്‍ത്തമാനകാലത്തിന്‍റെ വ്യാകുലതകള്‍ കാണാതെ പോകുന്നില്ല . കസേരകളിക്കിടയില്‍ വീണു മുട്ടുപൊട്ടിയ പൂത്തുമ്പിക്കുഞ്ഞിന്‍റെ മുറിവില്‍ ഡെറ്റോള്‍ പുരട്ടി ക്കൊടുക്കാനുള്ളചരിത്ര പരമായ ബാധ്യതയും കവിക്ക് അക്ഷരങ്ങള്‍ക്ക് അപ്പുറത്തായുണ്ട്. (പിറ്റേന്ന്). അസ്തമയത്തിന്‍റെ കൂട്ടില്‍ നിന്നുമുറിവേറ്റ കിളിക്കു ചേക്കേറാന്‍ സ്വന്തം ഹൃദയച്ചുവപ്പു ബാക്കി വയ്ക്കുകയും ചെയ്യണം .(കൂടുമാറ്റം). വര്‍ത്തമാനകാലത്തിന്‍റെ ഈ ദുരന്തങ്ങള്‍ക്കിടയില്‍ മനസാറ്റാന്‍ ഒരു പൂവിന്‍റെ സ്വാന്ത്വനം മതിയാവില്ലെന്നു തിരിച്ചറിയേണ്ടതുണ്ട്. നൂറു പൂക്കള്‍ വിരിഞ്ഞിറങ്ങുന്ന വസന്താഗമത്തിലും വിന്‍വഴിയില്‍ ഉപേക്ഷിക്കപ്പെട്ട, വിരിയാതെ പോയ പൂക്കളെ എങ്ങനെ കാണാതിരിക്കാനാവും?. പലനിറങ്ങളി‍ല്‍പകലറിഞ്ഞിട്ടും പകലറുതിയില്‍ പരിഭ്രാന്തമാവുന്ന സഹനയൗവനം മനസിലാവാത്ത ഇന്നത്തെ യുവത്വത്തിനു മുന്നില്‍ ഈ കവിത ഒരു ചരിത്ര കുറിപ്പാകുന്നു. പൊടുന്നനെ പൂവു തലയില്‍ വീണപ്പോള്‍ കാലിടറുന്നിടത്ത് കവിക്ക് അതു അക്ഷരങ്ങളില്‍ പൊതിഞ്ഞുവച്ച കുമ്പസാരവുമാവുന്നു.(പലകാലങ്ങളില്‍). പലകാലങ്ങളില്‍, പല അര്‍ഥതലങ്ങളില്‍ വായിച്ചെടുക്കാവുന്ന ഈ കവിതയാണ് ഇത്.

പരസ്പരം, മച്ചിക്കടല്‍, പാമ്പാട്ടി, നിഴല്‍നൃത്തം തുടങ്ങിയ കവിതകളും ഇങ്ങനെപലവായന ആവിശ്യപ്പെടുന്നതാണ്. അത് കവി തന്നെ കാണാതെ പോകുന്നുമില്ല. അപരിചിതമായ വര്‍ണങ്ങള്‍/ഫണം നീര്‍ത്തിയാടുമ്പോള്‍/ അഭിമുഖം നിന്നു കുഴലൂതി/പാട്ടിലാക്കണം/സ്വന്തംപ്രാണനെ. ( പാമ്പാട്ടി). ഇതിലെ സ്വന്തം പ്രാണാന്‍ അവനവന്‍റെയുള്ളിലെ അവനവന്‍ തന്നെയാണെന്നു നേരിട്ടു പറയുന്നില്ലെന്നുമാത്രം. ഇതാണ് സുരേഷിന്‍റെ കവിതയുടെ ജനിറ്റിക്സ് എന്നു നിസ്സംശയം പറയാവുന്നതാണ്.












പലകാലങ്ങളില്‍ ഒരു പൂവ് ( കവിത)

ഒ. പി. സുരേഷ്
ഡിസി ബുക്സ്, കോട്ടയം
35 രൂപ